---
title: "സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നീക്കം; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു"
english_title: " Kerala Power Crisis: KSEB to Buy Electricity at Higher Rate  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382539/ kerala-power-crisis-kseb-to-buy-electricity-at-higher-price"
published_at: "2026-09-14T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa78f2c9909f_images_(7).jpeg"
keywords: ["Kerala Power Crisis", "KSEB Power Purchase", "Chief Minister Kerala", "Power Tariff Kerala"]
---

# സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നീക്കം; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും കെഎസ്ഇബിയും അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 30 വരെ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം നടത്തുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും കെഎസ്ഇബിയും അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 30 വരെ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം നടത്തുന്നത്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഷയം നേരിട്ട് വിലയിരുത്തുകയും വൈദ്യുതി രംഗത്തെ വിദഗ്ധരുമായും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരുമായും ചർച്ച നടത്തുകയും ചെയ്തു. വൈദ്യുതി ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറിയും ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളിലെ അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

വൻ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് അനുമതി തേടി കെഎസ്ഇബി സർക്കാരിന് ഇന്ന് കത്ത് നൽകും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതിക്കൊപ്പം ഇതിനുവരുന്ന വലിയ ബാധ്യത നേരിടാൻ സർക്കാരിന്റെ സാമ്പത്തിക സഹായവും കെഎസ്ഇബി കത്തിൽ ആവശ്യപ്പെടും.

സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും റെഗുലേറ്ററി കമ്മീഷനെ സമീപിക്കുക. നിലവിൽ യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങാൻ കമ്മീഷന്റെ സാധാരണ ചട്ടങ്ങൾ അനുവദിക്കുന്നില്ല.

അതേസമയം, പ്രതിസന്ധിക്ക് ബദൽ മാർഗങ്ങൾ തേടി ബോർഡ് അംഗങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. സിസ്റ്റം ഓപ്പറേഷൻസ് ഡയറക്ടർ പി. ശിവദാസ്, ഫിനാൻസ് ഡയറക്ടർ ആർ. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈദ്യുതി മിച്ചമുള്ള സംസ്ഥാനങ്ങളിലെ വിതരണ കമ്പനികളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും ചർച്ചകൾ നടത്തുക. സംഘം എൻടിപിസി ആസ്ഥാനവും സന്ദർശിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382539/ kerala-power-crisis-kseb-to-buy-electricity-at-higher-price)